2020 ജനുവരി 25 ന്ന് നടത്താൻ നിശ്ചയിച്ച 'നടയില്‍ പ്രശ്നം', മെയ് മാസത്തിൽ വരാൻ പോകുന്ന അഷ്ടബന്ധകലശത്തിന്റെ പ്രാരംഭ നടപടിയാണു. നമ്മുടെ ക്ഷേത്രത്തിൽ ഇതിനു മുമ്പു് അഷ്ടബന്ധകലശം നടത്തിയതു് 2004 ൽ ആണു. ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .
കലശങ്ങളെല്ലാം തന്നെ ചൈതന്യ വർധകങ്ങളായ ക്രിയകളാണ്. ദേവന് ചൈതന്യ ക്ഷതമില്ലെങ്കിലും, ആദിത്യ ബിംബം മഴക്കാറ് മൂടുമ്പോൾ മങ്ങുന്നത് പോലെ, പൂജാദി കാര്യങ്ങളിൽ ഉണ്ടാകുന്ന ലോപം കൊണ്ട് ബിംബചൈതന്യ ക്ഷതം സംഭവിക്കാവുന്നതാണ്. ആ ന്യൂനതകൾ തീർത്ത് ചൈതന്യം വർധിപ്പിക്കുകയാണ് കലശ ലക്ഷ്യം.
കലശങ്ങൾ സാമാന്യമായി മൂന്നു വിധമാണ് - ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം എന്നിങ്ങനെ. ദ്രവ്യങ്ങൾ കലശങ്ങളിൽ നിറച്ച് പൂജിക്കുന്നത് കൊണ്ടാണ് ദ്രവ്യകലശം എന്ന് പേര് വന്നത്. അഷ്ടബെന്ധകലശത്തിനു ദ്രവ്യകലശത്തിന്റെ മുഴുവൻ ക്രിയകളും ചെയ്യേണ്ടതുണ്ട്. അഷ്ടബന്ധക്രിയകൾ ചെയ്യുന്ന സമയത്ത് പീഠബിംബ സന്നിധിയിൽ അഷ്ടബന്ധമിട്ടു ബിംബം പീഠത്തിൽ ഉറപ്പിക്കുന്നു. നവീകരണകലശം ക്ഷേത്ര നവീകരണത്തിന് ആണ്. ഈ സമയത്ത് പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കുന്നു.
ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു.
അഷ്ടബന്ധം എന്നതിന്റെ അർഥം എട്ടു വസ്തുക്കൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്നാണ്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, ആറ്റു മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത്), കോഴിപ്പരൽ തുടങ്ങിയ ദ്രവ്യങ്ങൾ ചേർത്ത് മിശ്രിതം നിർമിക്കുന്നു. ഇതിൽ അല്പം എള്ളാട്ടിയ എണ്ണ കൂട്ടിക്കലര്‍ത്തി ഇളക്കി കുഴമ്പ് രൂപത്തിലുള്ള മിശ്രിതം ഉണ്ടാക്കുന്നു. അതിൽ നാല്പത്തി ഒന്നാമത്തെ ദിവസം നൂല്‍പ്പരുത്തിയുടെ പഞ്ഞി കൂടി ചേർക്കുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.
അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവർ നേതൃത്വം നൽകുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽവെച്ച് കൂട്ടു തയ്യാറാക്കുന്നു. ഇതിന് നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തനം ആവശ്യമാണ്. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം വേണം. മരം കൊണ്ടുണ്ടാക്കിയ ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു മിശ്രിതം ഉണ്ടാക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം വരും.
അഷ്ടബന്ധകലശത്തിന്റെ മുഴുവൻ ക്രിയകളും ചെയ്തു കഴിഞ്ഞാൽ വിഗ്രഹം പീഠത്തിൽ ഉലയാതെ ഇരിക്കുകയും ദേവന്റെ ചൈതന്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയും ചെയ്യും.